Sunday, January 6, 2013

ലക്ഷദ്വീപുകാര്‍ക്ക് എര്‍ണാകുളം ജനരല്‍ ആശുപത്രിയില്‍ പ്രത്യേക സൌകര്യം - ജില്ലാ കളക്ടര്‍

കൊച്ചി: ലക്ഷദ്വീപില്‍ നിന്നുള്ള രോഗികള്‍ക്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കുന്നതിന് പ്രത്യേക സൗകര്യമൊരുക്കുമെന്ന് ആശുപത്രി വികസന സമിതി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് അറിയിച്ചു. സ്വകാര്യ ആശുപത്രികളും ഏജന്‍റുമാരും ദ്വീപുവാസികളെ വന്‍തോതില്‍ ചൂഷണം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് നടപടി.
വിവിധ പരിശോധനകള്‍, സ്കാനിങ്, ഡയാലിസിസ്, ശസ്ത്രക്രിയകള്‍ തുടങ്ങിയവക്ക് വിപുല സൗകര്യമാണ് എന്‍.എ. ബി.എച്ച് അക്രഡിറ്റേഷനും ഫിക്കി അംഗീകാരവും നേടിയ ജനറല്‍ ആശുപത്രിയിലുള്ളതെന്ന് കലക്ടര്‍ ചൂണ്ടിക്കാട്ടി. ഈ സൗകര്യങ്ങള്‍ ദ്വീപ് നിവാസികള്‍ക്ക് പ്രയോജനപ്രദമാക്കുന്നത് സംബന്ധിച്ച് ലക്ഷദ്വീപ് സന്ദര്‍ശനവേളയില്‍ ദ്വീപ് ഭരണകൂടവുമായി ചര്‍ച്ച ചെയ്തിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് രോഗികള്‍ക്കായി പ്രത്യേക പദ്ധതിക്ക് ജനറല്‍ ആശുപത്രിയില്‍ രൂപം നല്‍കുന്നത്. കപ്പലില്‍ കൊച്ചി തുറമുഖത്തും വിമാനത്തില്‍ നെടുമ്പാശേരിയിലുമെത്തുന്ന രോഗികളെ ജനറല്‍ ആശുപത്രിയിലെത്തിക്കുന്നതിന് രണ്ടിടത്തും ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കും. ജനറല്‍ ആശുപത്രിയുടെ ആംബുലന്‍സില്‍ മിതമായ നിരക്കില്‍ രോഗികളെ എത്തിക്കാനും സൗകര്യമൊരുക്കും. തുടക്കമെന്ന നിലയില്‍ ആശുപത്രിയിലെ ഏതാനും കിടക്കകള്‍ ദ്വീപുവാസികള്‍ക്കായി മാറ്റിവെക്കും. സമീപഭാവിയില്‍ പ്രത്യേക ബ്ളോക് നിര്‍മിക്കുന്നതും പരിഗണനയിലുണ്ട്. ദ്വീപുവാസികള്‍ക്ക് ജനറല്‍ ആശുപത്രിയില്‍ ചികിത്സാ സൗകര്യമൊരുക്കുന്നത് സംബന്ധിച്ച് ഹംദുല്ല സഈദ് എം.പി, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍  എന്നിവരുമായി ചര്‍ച്ച നടത്തിയതായി കലക്ടര്‍ പറഞ്ഞു.

0 comments:

Post a Comment