Monday, June 25, 2012

ഗാലപ്പഗോസിലെ അപൂര്‍വ ആമ ഇനിയില്ല :

ക്വിറ്റോ: ലോകത്തിലെ അത്യപൂര്‍വ ആമ വര്‍ഗത്തിലെ അവസാന അംഗമായിരുന്ന ലോണ്‍സം ജോര്‍ജ് ചത്തു. ഇതോടെ ഒരു ജീവിവര്‍ഗംതന്നെ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായി.

40 വര്‍ഷമായി ലോണ്‍സം ജോര്‍ജിനെ പരിചരിക്കുന്ന ഫൗസ്റ്റോ ലെറിനയാണ് ഞായറാഴ്ച ആമയെ ചത്ത നിലയില്‍ കണ്ടെത്തിയത്. മരണകാരണം കണ്ടെത്താന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ആമ ഭീമനായ ലോണ്‍സം ജോര്‍ജിന് 100 വയസ്സുണ്ടെന്നാണ് കണക്കാക്കുന്നത്.

ഗാലപ്പഗോസ് ആമ വര്‍ഗത്തിലെ പിന്‍റ ഐലന്‍ഡ് ഉപവര്‍ഗാംഗമാണ് ലോണ്‍സം ജോര്‍ജ്. ഈ വര്‍ഗത്തില്‍പ്പെട്ട ആമകള്‍ക്ക് 200 വര്‍ഷമാണ് ആയുസ്സ്.

ഈ ആമവര്‍ഗം നാമാവശേഷമായെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ വിധിയെഴുതിയിരിക്കെയാണ് 1972-ല്‍ ഹംഗേറിയന്‍ ശാസ്ത്രജ്ഞന്‍ ലാറ്റിനമേരിക്കയിലെ ഗാലപ്പഗോസ് ദ്വീപില്‍ ലോണ്‍സം ജോര്‍ജിനെ കണ്ടെത്തിയത്. ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിലെ ഗാലപ്പഗോസ് നാഷണല്‍ പാര്‍ക്കിലായിരുന്നു അന്നുമുതല്‍ ഇതിന്റെ സ്ഥാനം.

ലോണ്‍സം ജോര്‍ജില്‍ നിന്ന് പുതുതലമുറയെ സൃഷ്ടിക്കാനുള്ള ശ്രമം വിജയിച്ചില്ല. അതോടെ, പിന്‍റ ഐലന്‍ഡ് വര്‍ഗത്തില്‍പ്പെട്ട അവസാന ആമയായി ലോണ്‍സം ജോര്‍ജ്. ഗാലപ്പഗോസ് ദ്വീപിന്റെ ചിഹ്നമായി മാറിയ ഇതിനെ കാണാന്‍ വര്‍ഷം 1,80,000 സന്ദര്‍ശകരാണ് ഗാലപ്പഗോസ് നാഷണല്‍ പാര്‍ക്കിലെത്തിയിരുന്നത്.

ഭാവി തലമുറകള്‍ക്ക് കാണാനായി ലോണ്‍സം ജോര്‍ജിന്റെ ശരീരം സംരക്ഷിച്ച് സൂക്ഷിക്കുമെന്ന് പാര്‍ക്ക് അധികൃതര്‍ അറിയിച്ചു.

Curtsey: Madhrubhumi

0 comments:

Post a Comment